സംസ്ഥാനത്ത് വിപണിയിലുള്ള ചില ആയൂർവേദ മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം കണ്ടെത്തി. രാജസ്ഥാനിലെ രാജസ്ഥാൻ ഹെർബൽ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വിപണിയിലെത്തിക്കുന്ന വിവിധ ബാച്ചുകളിലെ ആയുർവേദ മരുന്നുകൾക്കാണ് ഗുണനിലവാരമില്ലെന്ന്, സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനകളിൽ കണ്ടെത്തിയത്. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ഔഷധങ്ങളുടെ വിതരണവും വിൽപ്പനയും നടത്തരുതെന്ന് ആയുർവേദ ഡ്രഗ്സ് കൺട്രോൾ വിഭാഗം വ്യാപാരികളോടും ആശുപത്രികളോടും ആവശ്യപ്പെട്ടു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ആയുർവേദ ഡ്രഗ്സ് ഇൻസ്പെക്ടർമാരെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.