കടുത്ത തീരുമാനം ഉപേക്ഷിച്ച് തീയറ്ററുടകള്‍

February 27, 2024 Tuesday 06:58 pm

Thiruvananthapuram

മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഫിയോക് ചെയർമാൻ ദിലീപ് ഫിയോക്ക് യോഗത്തിന് ശേഷം കൊച്ചിയില്‍ അറിയിച്ചു. നേരത്തെ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന നിലപാട് ആയിരുന്നു ഫിയോക്കിന് ഈ നിലപാടാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.  കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് തീയറ്ററുകൾ അടച്ചിടും എന്ന് നേരത്തെ പറഞ്ഞിട്ടില്ലെന്നും. അടച്ചിട്ട് സമരത്തിന് തയ്യാറല്ലെന്നും ദിലീപ് പറ‍ഞ്ഞു. ഇതോടെ മലയാള സിനിമ റിലീസിന് നേരിട്ട പ്രശ്നങ്ങള്‍ നീങ്ങുകയാണ്. മാര്‍ച്ച് ഒന്നോടെ വീണ്ടും ചിത്രങ്ങള്‍ തീയറ്ററില്‍ എത്തും എന്നാണ് വിവരം. ഫിയോക്ക് ചെയര്‍മാന്‍ ദിലീപിന്‍റെ അടക്കം ചിത്രങ്ങള്‍ മാര്‍ച്ചില്‍ റിലീസ് ചെയ്യാനുണ്ട്.  നേരത്തെ  തിയറ്ററുകളില്‍ പുതിയ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോകിന്‍റെ തീരുമാനത്തിനെതിരെ നിര്‍മ്മാതാക്കളും വിതരണക്കാരും നേരത്തെ രംഗത്ത് എത്തിയിരുന്നു. സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്ത് 42 ദിവസം കഴിഞ്ഞ് മാത്രമേ ഒടിടിയ്ക്ക് നൽകാവൂ എന്ന വ്യവസ്ഥ പല നിർമാതാക്കളും തെറ്റിക്കുന്നുവെന്ന് ആരോപിച്ചാണ് ഫിയോക് നേരത്തെ തീരുമാനം പ്രഖ്യാപിച്ചിരുന്നത്.  ഇതിനെതിരെയാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും രംഗത്തെത്തിയിരുന്നത്.  മികച്ച കളക്ഷൻ നേടുന്ന സിനിമകൾ പോലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഒടിടിയിൽ വരുന്നത് തിയറ്റർ ഉടമകൾക്ക് തിരിച്ചടിയാകുന്നതായാണ് ഫിയോകിന്‍റെ വാദം. റിലീസ് സമയത്തെ നിർമാതാക്കളുടെ തിയറ്റർ വിഹിതം 60ശതമാനത്തില്‍ നിന്ന് 55 ശതമാനമായി കുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.  സിംഗിൾ സ്ക്രീൻ തിയറ്ററുകളെ ഒതുക്കി മൾട്ടിപ്ലക്സുകളെ നിർമാതാക്കൾ സഹായിക്കുന്നുവെന്നും ഫിയോക് ഭാരവാഹികള്‍ ആരോപിക്കുന്നു. അതേസമയം റിലീസ് നിർത്തിവെക്കുമെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്ന് ഫിലിം ചേംമ്പർ വ്യക്തമാക്കുന്നു.