പിണറായി സർക്കാരിന് കീഴിൽ പോലീസ് സ്ത്രീസുരക്ഷ നടപ്പാക്കുന്നത് ഇങ്ങനെയാണ്

March 31, 2022 Thursday 11:43 pm

Thiruvananthapuram

മലയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒക്കെതിരെ  ബലാൽസംഗത്തിന് കേസ്.  യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് എ വി സൈജുവിന് എതിരെ കേസ്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്‍റ് കൂടിയാണ് പ്രതിയായ സൈജു. ഭർത്താവിനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന പരാതിക്കാരി  നാട്ടിലെത്തിയപ്പോഴാണ് സൈജുവുമായി പരിചയപ്പെടുന്നത്. പരാതിക്കാരി തന്‍റെ പേരിലുള്ള കടകള്‍ മറ്റൊരാൾക്ക് വാടയ്ക്ക് നൽകിയിരുന്നു. വാടകക്കാരുമായുള്ള തർക്കം പരിഹരിക്കാൻ മലയിൻകീഴ് സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്ഐയായിരുന്ന സൈജുവിനെ പരിചയപ്പെടുന്നത്. 

 

പിന്നീട് 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിച്ചു. പണം കടംവാങ്ങി. വിവാഹം വാദഗ്നം നൽകുകയും ചെയ്തു. സൈജുവുമായുള്ള ബന്ധത്തിന് പിന്നാലെ യുവതിയുടെ വിവാഹബന്ധം വേർപ്പെട്ടു. വിദേശത്തേക്ക് തിരിച്ചു പോകാനും കഴിഞ്ഞില്ല. ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹം കഴിക്കുമെന്നും പറഞ്ഞ് പല വർഷങ്ങള്‍ തന്നെ സൈജു കബളിപ്പിച്ചുവെന്ന് യുവതി പറയുന്നു.

 

കഴിഞ്ഞ ഡിസംബറിൽ വീട്ടിലെത്തി വീണ്ടും ശാരീരികബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. സിഐയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞപ്പോള്‍ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പരാതി നൽകിയതെന്ന് യുവതി പറഞ്ഞു. റൂറൽഎസ്പിക്ക് ആദ്യം പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. പൊലീസ് നിസ്സഹകരണം പുറത്തായതോടെയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മലയിൻകീഴ് പൊലീസ് കേസെടുത്തത്.