ദക്ഷിണ കൊറിയയിൽ ചരിത്ര വിജയം നേടി പ്രതിപക്ഷം

April 11, 2024 Thursday 04:39 pm

Dalseo-gu

ദക്ഷിണ കൊറിയയിൽ നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് വൻ വിജയം. 300 സീറ്റുകളിലേക്ക് നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 170 സീറ്റും നേടിയാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ (ഡിപികെ) മുന്നേറ്റം. പ്രതിപക്ഷത്തെ ചെറുപാർട്ടികള്‍ വിജയിച്ച സീറ്റുകള്‍ കൂടി കണക്കിലെടുത്താൽ ആകെ പ്രതിപക്ഷം വിജയിച്ച സീറ്റുകളുടെ എണ്ണം 192 ആവും. പ്രസിഡന്റ് യൂൺ സുക് യോയുടെ പീപ്പിള്‍ പവർ പാർട്ടിക്ക് (പിപിപി) നൂറോളം സീറ്റുകള്‍ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങൾ കൂടുതൽ എത്തുന്നതോടെ യൂണിന്റെ സ്ഥിതി പരുങ്ങലിലാകും. ഡിപികെയ്ക്ക് ഭൂരിപക്ഷത്തിന്‍റെ ബലത്തിൽ പാർലമെന്‍റിലൂടെ നിയമനിർമ്മാണം വേഗത്തിലാക്കാനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്നിരിക്കെ പ്രസിഡന്‍റിന് പിപിപി അജണ്ടകള്‍ നടപ്പിലാക്കൽ എളുപ്പമാവില്ല. യൂൺ സുക് യോക്ക് ഇനി പ്രസിഡന്‍റ് പദവിയിൽ മൂന്ന് വർഷം കൂടിയുണ്ട്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് പിപിപി നേതാവ് ഹാൻ ഡോങ്-ഹൂൺ രാജിവെച്ചു. പ്രധാനമന്ത്രി ഹാൻ ഡക്-സൂ രാജി സന്നദ്ധത അറിയിച്ചു. ഇത് ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയമല്ല, മറിച്ച് ജനങ്ങളുടെ വലിയ വിജയമാണെന്ന് ഡിപികെ നേതാവ് ലീ ജെ-മ്യുങ് പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഡെമോക്രാറ്റിക് പാർട്ടി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീയ്ക്ക് അടുത്ത പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആത്മവിശ്വാസം നൽകുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. വിലക്കയറ്റം, ഡോക്ടർമാരുടെ സമരം, ജനസംഖ്യാ പ്രതിസന്ധി എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന് വന്നു. 

പ്രസിഡന്‍റ് ഉള്ളിവില വർദ്ധനയെ ന്യായീകരിച്ചതും പ്രസിഡന്‍റിന്‍റെ ഭാര്യ ആഡംബര ബാഗ് സമ്മാനമായി സ്വീകരിച്ചതും തെരഞ്ഞെടുപ്പ് കാലത്ത് ചർച്ചയായിരുന്നു. ദക്ഷിണ കൊറിയക്കാരെ സംബന്ധിച്ച് പച്ച ഉള്ളി അവരുടെ ഭക്ഷണത്തിലെ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. അതോടെ ഉള്ളി തെരഞ്ഞെടുപ്പ് കാലത്ത് പ്രധാന വിഷയമായി മാറി. പാർട്ടിയിലെ മുതിർന്ന അംഗങ്ങൾക്കെതിരെ അഴിമതി, അധികാര ദുർവിനിയോഗ ആരോപണങ്ങള്‍ ഉയർന്നതും തിരിച്ചടിയായി. ഈ വിഷയങ്ങളെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് ഡമോക്രാറ്റിക് പാർട്ടി പ്രചാരണ ആയുധമാക്കിയിരുന്നു.