കുട്ടി ബുള്ളിയിങ്ങിന് ഇരയാകുന്നു എന്നതിന്റെ ലക്ഷണങ്ങൾ

February 09, 2024 Friday 03:51 pm

Thiruvananthapuram

കുട്ടികൾ സ്കൂളിൽ മറ്റു കുട്ടികളിൽ നിന്നും ഭീഷണിക്കോ ഉപദ്രവങ്ങൾക്കോ ഇരയാകേണ്ടി വന്നതായി പറഞ്ഞിട്ടുണ്ടോ? ഇതിനുപുറമേ കുട്ടികളുടെ ഫോൺ ഉപയോഗം കൂടിയ ഇന്നത്തെ സാഹചര്യത്തിൽ ഇന്റർനെററ്റിലൂടെ സൈബർ ബുള്ളിയിങ്ങിനുള്ള സാധ്യതയും വളരെ അധികമാണ്.

ബുള്ളിയിങ്ങ് പല വിധം...

  1.    കുട്ടിയുടെ ആത്മാഭിമാനത്തെ അങ്ങേയറ്റം ബാധിക്കുന്ന തരത്തിൽ വാക്കുകൾ, ഉപയോഗിക്കുക, കളിയാക്കുക, മോശം പേരുവിളിച്ച് അധിക്ഷേപിക്കുക എന്നിവ  2.  കുട്ടിയെ ശാരീരിക ഉപദ്രവം ഏല്പിക്കുക- തല്ലുക, ഇടിക്കുക, പിടിച്ചു തള്ളുക എന്നിവ  3.  ഒറ്റപ്പെടുത്തുക, കുട്ടിയെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പരത്തുക, അങ്ങനെ മറ്റുള്ള കുട്ടികളെ എല്ലാം അവരിൽനിന്നും അകറ്റുക എന്നിവ  4.   കുട്ടിയെ നിറത്തിന്റെയോ, രൂപത്തിന്റെയോ, ഭാഷയുടെയോ, ലൈംഗിക ആഭിമുഖ്യത്തിന്റെയോ പേരിൽ  ഒറ്റപ്പെടുത്തുക. സൈബർ ബുള്ളിയിങ്ങ്...

●    ക്ലാസ്സിന്റെയോ കൂട്ടുകാരുടെയോ ഓൺലൈൻ ഗ്രൂപ്പിൽ നിന്നും ഒരു കുട്ടിയെ മനഃപൂർവ്വം ഒഴിവാക്കുക  ●    സോഷ്യൽ മീഡിയയിലൂടെയോ, ഓൺലൈൻ ഗ്രൂപ്പുകളിലൂടെയോ ഒരു കുട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അപവാദങ്ങൾ പ്രചരിപ്പിക്കുക  ●    കുട്ടിയെ കളിയാക്കുന്നതരത്തിലുള്ള ഫോട്ടോകളോ, ട്രോളുകളോ പ്രചരിപ്പിക്കുക  ●    ഓൺലൈനിലൂടെ ഒരു റിലേഷൻഷിപ് ആരംഭിക്കുന്നതിനായി വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ചതിക്കുക/ ലൈംഗികമായി വഴങ്ങാനായി ഭീഷണിപ്പെടുത്തുക  കുട്ടി ബുള്ളിയിങ്ങിന് ഇരയാകുന്നു എന്നതിന്റെ ലക്ഷണങ്ങൾ...

●    ശരീരത്തിൽ മുറിവുകൾ കാണപ്പെടുക  ●    വളരെ കുറച്ചു സുഹൃത്തുക്കൾ/ അല്ലെങ്കിൽ സുഹൃത്തുക്കൾ ഇല്ലാതെ ഇരിക്കുക  ●    സ്കൂളിൽ പോകാൻ കുട്ടി മടികാണിക്കുക  ●    എപ്പോഴും ഉത്കണ്ഠയും ഭയവും  ●    കുട്ടിയുടെ സാധനങ്ങൾ നിരന്തരം നഷ്ടപ്പെടുക  ●    സ്കൂളിൽ വെച്ച് അടിക്കടി വയ്യാതെ ആകുക  ●    മാറാതെ നിൽക്കുന്ന വയർ വേദന, തലവേദന മുതലായ ശാരീരിക ബുദ്ധിമുട്ടുകൾ  ●    നന്നായി ഉറങ്ങാൻ കഴിയാതെ വരിക, ഉറക്കത്തിൽ സ്വപ്നം കണ്ടു ഞെട്ടി എണീക്കുക  ●    ഫോൺ ഉപയോഗിച്ചതിന് ശേഷം ദേഷ്യം, അസ്വസ്ഥരാകുക  ബുള്ളിയിങ്ങ് മാനസികാരോഗ്യത്തെ ബാധിക്കുമ്പോൾ... ബുള്ളിയിങ്ങിന് ഇരയാകേണ്ടി വരുന്ന കുട്ടികൾക്ക് വിഷാദരോഗം, ഉത്കണ്ഠ, ആത്മവിശ്വാസമില്ലായ്മ എന്നിവയ്ക്കുള്ള സാധ്യത വളരെ അധികമാണ്. ബുള്ളിയിങ്ങിനെ പ്രതിരോധിക്കുന്ന സ്കൂൾ സാഹചര്യങ്ങളിൽ കുട്ടികൾക്ക് നന്നായി പഠിക്കാനും, ചിന്തിക്കാനും, സന്തോഷമായി ഇരിക്കാനും കഴിയും.  ബുള്ളിയിങ്ങിന് ഇരയായ കുട്ടി പഠനത്തിൽ പിന്നോക്കമാകാനും പൊതുവെ എല്ലാ കാര്യത്തിലും ശ്രദ്ധ കുറയാനും സാധ്യതയുണ്ട്. മാനസിക സമ്മർദ്ധം അസ്സഹനീയമായ അവസ്ഥയിൽ ജീവിതം അവസാനിപ്പിക്കാനും, മദ്യത്തെയോ മയക്കുമരുന്നിനെയോ ആശ്രയിക്കാനോപോലും ചിലപ്പോൾ അവർ ശ്രമിച്ചേക്കാം. എന്തുകൊണ്ട് ചില കുട്ടികൾ ഉപദ്രവകാരികൾ ആകുന്നു?

തന്റെ ഒപ്പം പഠിക്കുന്ന ഒരു കുട്ടിയെ ഉപദ്രവിക്കണം, ഭീഷണിപ്പെടുത്തണം എന്ന ചിന്താഗതിയുള്ള കുട്ടികൾക്ക് സ്വഭാവ വൈകല്യം (conduct disorder) ഉണ്ട്. കരുണ, സഹാനുഭൂതി എന്നീ മാനുഷിക മൂല്യങ്ങൾ ഇവരിൽ അന്യമായിരിക്കും. അതിനാൽ സൈക്കോളജിസ്റ്റിനെ സമീപിച്ച് അവർക്കും ചികിത്സ ഉറപ്പാക്കേണ്ടതാണ്. അല്ലാത്തപക്ഷം ഭാവിയിൽ സാമൂഹ്യവിരുദ്ധ സ്വഭാവം (antisocial personality) ഉള്ളവരായി അവർ മാറുകയും സമൂഹത്തിനു തന്നെ ഭീഷണിയാവുകയും ചെയ്യും.

  എങ്ങനെ ബുള്ളിയിങ്ങിനെ നേരിടാം...

എന്റെ പ്രശ്നങ്ങൾ പറയാൻ മാതാപിതാക്കളോ അദ്ധ്യാപകരോ ഉണ്ടെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കാം. മറ്റുകുട്ടികളോ അല്ലെങ്കിൽ ആരെങ്കിലും കുട്ടിയെ ഭീഷണിപ്പെടുത്തുകയോ വിഷമിപ്പിക്കുകയോ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു മനസ്സിലാക്കാൻ മാതാപിതാക്കളും അധ്യാപകരും ശ്രമിക്കണം. കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ അവർ ധൈര്യമായി ബുള്ളിയിങ്ങിനെ നേരിടും. ബുള്ളിയിങ്ങിനോട് ഒപ്പത്തിനൊപ്പം പകരം വീട്ടാനുള്ള മനോഭാവം കുട്ടിയിൽ ഉണ്ടെങ്കിൽ അതു തടയുക. കുട്ടിയുടെ സ്വഭാവത്തെ അതു നെഗറ്റീവായി ബാധിക്കും. മാതാപിതാക്കളും അധ്യാപകരും ചേർന്നു ചർച്ച ചെയ്ത് പ്രശ്നപരിഹാരം സാധ്യമാക്കാൻ ശ്രമിക്കാം. മറ്റുള്ളവരുടെ മനസികാവസ്ഥയെപ്പറ്റി ചിന്തിക്കാനും മനസിലാക്കാനും സാധിക്കുന്ന തരത്തിൽ കുട്ടികളെ പരിശീലിപ്പിക്കാൻ കഴിഞ്ഞാൽ ബുള്ളിയിങ്ങ് ചെയ്യാനുള്ള പ്രവണത കുട്ടികളിൽ ഇല്ലാതെയാക്കാൻ കഴിയും.

എഴുതിയത്:  പ്രിയ വർഗീസ്  ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്