കേരളം അടക്കമുള്ള രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ്; ആകെയുള്ളത് 1210 സ്ഥാനാര്‍ഥികള്‍

April 09, 2024 Tuesday 09:58 pm

Central Delhi

കേരളം അടക്കം രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ആകെയുള്ളത് 1210 സ്ഥാനാര്‍ഥികള്‍. ഇതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചത് എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 13 സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിനായി ആകെ 2633 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്. ഈ സംസ്ഥാനങ്ങളിലെ 88 പാര്‍ലമെന്‍റ് സീറ്റുകളിലേക്കാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സൂക്ഷ്മപരിശോധനയില്‍ ഇവയില്‍ 1428 നാമനിര്‍ദേശ പത്രികകള്‍ സാധുവാണെന്ന് കണ്ടെത്തി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അന്തിമ തിയതിയും അവസാനിച്ചതോടെ അവസാന പട്ടിക പുറത്തുവന്നപ്പോള്‍ 1210 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. ഇവരില്‍ നാല് സ്ഥാനാര്‍ഥികള്‍ ഔട്ട‍ര്‍ മണിപ്പൂര്‍ മണ്ഡലത്തിലാണ്. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത് കേരളത്തിലാണ്. കേരളത്തിലെ 20 മണ്ഡലങ്ങളും ഏപ്രില്‍ 26ന് പോളിംഗ് ബൂത്തിലെത്തും. 20 മണ്ഡലങ്ങളിലേക്ക് 500 നോമിനേഷനുകളാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇവയില്‍ 194 പേരാണ് സൂക്ഷമപരിശോധനയ്ക്കും പത്രിക പിന്‍വലിക്കലിനും ശേഷം അന്തിമ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. 

ക‍ര്‍ണാടകയിലെ 14 മണ്ഡലങ്ങളിലേക്ക് രണ്ടാംഘട്ടത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായി 491 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ഇവരില്‍ 247 സ്ഥാനാര്‍ഥികളാണ് സൂക്ഷ്മപരിശോധനയ്ക്കും പത്രിക പിന്‍വലിക്കലിനും ശേഷം അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. കേരളത്തിലെ ഇരുപരും കര്‍ണാടകയിലെ പതിനാലും അസമിലെ അഞ്ചും ബിഹാറിലെ അഞ്ചും ഛത്തീസ്ഗഢ് മൂന്നും ജമ്മു ആന്‍ഡ് കശ്മീരിലെ ഒന്നും കര്‍ണാടകയിലെ പതിനാലും കേരളത്തിലെ ഇരുപതും മധ്യപ്രദേശിലെ ഏഴും മഹാരാഷ്ട്രയിലെ എട്ടും രാജസ്ഥാനിലെ പതിമൂന്നും ത്രിപുരയിലെ ഒന്നും ഉത്തര്‍പ്രദേശിലെ എട്ടും പശ്ചിമ ബംഗാളിലെ മൂന്നും മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് നടക്കുക.