തൃശൂർ മിനർവ അക്കാദമിക്കെതിരെ കൂട്ട പരാതി

February 26, 2024 Monday 04:00 pm

Thrissur District

 തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കൂട്ടപ്പരാതിയുമായി 500 ലേറെ വിദ്യാർഥികൾ. മിനർവ അക്കാദമിക്കെതിരെയാണ് വിദ്യാർഥികളുടെ പരാതി. വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. പാരാമെഡിക്കൽ കോഴ്സുകൾ നടത്തി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 50,000 മുതൽ ആറ് ലക്ഷം വരെ ഫീസ് വാങ്ങി എന്നാണ് ആരോപണം. ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളൂ. തൃശൂര്‍ വടക്കൻ സ്റ്റാൻഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്. അംഗീകാരമുള്ള സര്‍ട്ടിഫിക്കേറ്റ് ആണ് നല്‍കുക എന്ന് പറഞ്ഞാണ് മിനര്‍വ അധികൃതര്‍ കോഴ്സിന് ചേര്‍ത്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവരുടെ സൈറ്റില്‍ കയറി നോക്കുമ്പോള്‍ മാര്‍ക്ക് ലിസ്റ്റ് പോലും ലഭ്യമല്ല. വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും പഠിക്കുന്ന ഡിപ്പാര്‍ട്ട്മെന്‍റും മാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയ സ്ഥലങ്ങളില്‍ ഇതിന് അംഗീകാരം ഇല്ലെന്നാണ് പറയുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. മിനര്‍വ അക്കാദമിയുടെ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും പൊലീസ് വിളിച്ച് വരുത്തിയിട്ടുണ്ട്.