കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ ബാധിക്കില്ല

March 04, 2024 Monday 10:37 pm

Thiruvananthapuram

വയനാട് പൂക്കോട് വെറ്ററിനറി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ദുരൂഹമരണത്തില്‍ പ്രതിഷേധമായി നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമമുണ്ടായി എന്നതിന്‍റെ പേരില്‍ കെഎസ്‍യു നാളെ നടത്തുന്ന വിദ്യാഭ്യാസ ബന്ദില്‍ എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്സിറ്റി പരീക്ഷകള്‍ ബാധിക്കപ്പെടില്ല. ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെ നാളത്തെ പരീക്ഷകളെ ചൊല്ലിയുള്ള ആശങ്ക പലരും പങ്കുവച്ചിരുന്നു.  ഇതിന് പിന്നാലെയാണ് കെഎസ്‍യു പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബാധിക്കില്ലെന്ന് പ്രത്യേകമായി അറിയിക്കുകയാണ് കെഎസ്‍യു നേതൃത്വം.  കുട്ടികള്‍ പരീക്ഷയ്ക്കൊരുങ്ങി ഇരിക്കുന്നതിനിടയില്‍ ബന്ദ് പ്രഖ്യാപിച്ചത് ഉചിതമായില്ലെന്ന വിമര്‍ശനം വ്യാപകമായി വരുന്നതിനിടെയാണ് വ്യക്തതയുമായി കെഎസ്‍യു രംഗത്തെത്തിയിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി അടക്കം ബന്ദ് പ്രഖ്യാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാല ആസ്ഥാനത്തേക്ക് കെഎസ്‍യു നടത്തിയ മാര്‍ച്ചിലാണ് പൊലീസ് ഇടപെടലുണ്ടായത്. തുടര്‍ന്ന് നാളെ സംസ്ഥാനവ്യാപകമായി പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു. 

TAGS :