ജപ്പാന്‍റെ 'മൂൺ സ്നൈപ്പര്‍' സ്ലിം ചന്ദ്രനിലിറങ്ങി,

January 19, 2024 Friday 10:46 pm

Tokyo

മൂണ്‍ സ്നൈപ്പര്‍ എന്ന വിളിപ്പേരോടെയുള്ള ജപ്പാന്‍റെ ചാന്ദ്ര ദൗത്യമായ സ്ലിം ചന്ദ്രനിലിറങ്ങി. ഉദ്വേഗത്തിന്‍റെ നിമിഷങ്ങള്‍ പിന്നിട്ട് ഇന്ത്യന്‍ സമയം ഇന്ന് രാത്രി 8.30നാണ് ലാന്‍ഡിഡ് ആരംഭിച്ചത്. 20 മിനുട്ട് നീണ്ടുനിന്ന ലാന്‍ഡിങിനൊടുവില്‍ പേടകം ചന്ദ്രനിലിറങ്ങി. സ്ലിം ദൗത്യത്തിലെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങിയെങ്കിലും ദൗത്യം പൂര്‍ണ വിജയമാണോയെന്ന് ഉറപ്പിക്കാന്‍ സിഗ്നലുകള്‍ ലഭിക്കേണ്ടതുണ്ട്. സിഗ്നല്‍ ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് ലോകം. ദൗത്യത്തിലൂടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന അഞ്ചാമത്തെ രാജ്യമാകാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍. പേടകം സുരക്ഷിതമാണോയെന്ന കാര്യം ഉള്‍പ്പെടെയാണ് ഇനി ഉറപ്പിക്കാനുള്ളത്. ടെലിമെട്രി വിവരങ്ങള്‍ അനുസരിച്ച് പേടകം ചന്ദ്രോപരിതലത്തിലുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.  ലാന്‍ഡിങിനുശേഷം പേടകത്തില്‍നിന്ന് ഇതുവരെ സിഗ്നല്‍ ലഭിച്ചിട്ടില്ല. സ്മാർട്ട് ലാൻഡർ ഫോർ ഇൻവസ്റ്റിഗേറ്റിംഗ് മൂൺ എന്നതിന്‍റെ ചുരുക്ക പേരാണ് സ്ലിം. ജപ്പാന്‍റെ ചാന്ദ്ര സ്വപ്നങ്ങളുമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് സ്ലിം എന്ന പേരിലുള്ള ഈ കുഞ്ഞന്‍ ലാന്‍ഡര്‍ യാത്ര തുടങ്ങിയത്. ഒരുഷാർപ്പ് ഷൂട്ടറിന്‍റെ ഓൺ ടാർജറ്റ് ഷോട്ട് പോലൊരു കിറുകൃത്യം ലാൻഡിങ് രീതി അവലംബിച്ചതിനാലാണ് ജപ്പാന്‍റെ ബഹിരാകാശ ഏജന്‍സിയായ ജാക്സ  പേടകത്തിന്  മൂണ്‍ സ്നൈപ്പര്‍ എന്ന് വിളിപ്പേര് നല്‍കിയത്.  പരമാവധി കുറച്ച് ഇന്ധനം ഉപയോഗിക്കാൻ തീരുമാനിച്ചത് കൊണ്ടാണ് ചന്ദ്രൻ വരെയെത്താൻ സമയം കൂടുതലെടുത്തത്.SEA OF NECTARന് അടുത്ത് ഷിലോയ് ഗർത്ത പരിസരത്താണ് സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. വേഗം കുറച്ച്  ഉപരിതലത്തിന് തൊട്ട് മുകളിലെത്തി, പിന്നെ ഒന്ന് മുന്നോട്ടാഞ്ഞ്, പിൻകാലുകളൊന്ന് ചന്ദ്രനിൽ തൊടും. അതിനുശേഷം .പിന്നെ മുന്നോട്ടാഞ്ഞ് വീഴും ഈ രീതിയിലുള്ള വ്യത്യസ്ഥമായ ടു സെ്റ്റപ്പ് ലാന്‍ഡിങ് ആണ് നടത്തിയത്. രണ്ട് കുഞ്ഞൻ പര്യവേഷണ വാഹനങ്ങളുമായാണ് സ്ലിം ചന്ദ്രനിലേക്ക് പോയിട്ടുള്ളത്. ലൂണാർ എക്സ്കേർഷൻ വെഹിക്കിൾ വണ്ണും ടൂവുമാണത്. ചന്ദ്രനിലൂടെ ചാടി നടക്കാൻ കഴിയുന്നതാണ് എൽഇവി വൺ എങ്കില്‍ പന്തിനെപ്പോലെ ഉരുണ്ട് നീങ്ങുന്ന തരത്തിലാണ് എൽഇവി ടുവി‍ന്‍റെ രൂപകല്‍പന. ഭൂമിയിലേക്ക് വിവരങ്ങളയക്കാൻ രണ്ട് പര്യവേഷണ വാഹനങ്ങള്‍ക്കും ലാൻഡറിന്‍റെ സഹായം വേണ്ട. പ്രധാന പേടകം ലാൻഡിങ്ങിന് മുന്നേ തന്നെ രണ്ട് ചെറു വാഹനങ്ങളെയും ചന്ദ്രന്‍റെ ഉപരതിലത്തിലേക്ക് അയക്കും. എല്ലാം കൃത്യമായി നടന്നാൽ ജാക്സ ചരിത്രം സൃഷ്ടിക്കും. സങ്കീർണ ദൗത്യങ്ങൾ സ്വന്തം സ്റ്റൈലിൽ വിജയിപ്പിക്കുന്നതിൽ പ്രത്യേക മിടുക്കുള്ള ഏജൻസിയാണ് ജാക്സ. അടുത്ത ചാന്ദ്ര ദൗത്യം ഐഎസ്ആർഒയും ജാക്സയും ഒന്നിച്ചാണ് എന്നതിനാല്‍ തന്നെ ഇന്നത്തെ ദൗത്യം ഇന്ത്യയ്ക്കും നിര്‍ണായകമാണ്.