പുതുവർഷത്തിൽ പുതിയ ദൗത്യവുമായി ഐ.എസ്.ആർ.ഒ

January 01, 2024 Monday 08:29 am

Hyderabad

 പുതുവർഷത്തിൽ ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യത്തിന് ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ്. തമോഗർത്ത രഹസ്യങ്ങൾ തേടിയുള്ള എക്‌സ്‌പോസാറ്റ് ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനുള്ള ദൗത്യം പി.എസ്.എൽ.വി C58 റോക്കറ്റിനാണ്. ശ്രീഹരിക്കോട്ടയിൽനിന്ന് ഇന്ന് രാവിലെ 9.10നാണ് വിക്ഷേപണം

പി.എസ്.എൽ.വി കുതിച്ചുയരുമ്പോൾ കേരളത്തിനും ഇന്ന് അഭിമാനിക്കാൻ ഏറെയുണ്ട്. തിരുവനന്തപുരത്തെ ഒരു കൂട്ടം വിദ്യാർഥിനികൾ നിർമിച്ച വിസാറ്റും ഈ വിക്ഷേപണത്തിൽ ഉണ്ട്. തമോഗർത്തങ്ങൾ, ന്യൂട്രോൺ സ്റ്റാറുകൾ, സൂപ്പർ നോവകൾ തുടങ്ങി പ്രപഞ്ചത്തിലെ രഹസ്യങ്ങൾ തേടിയുള്ള ഐ.എസ്.ആർ.ഒയുടെ പുതിയ ദൗത്യമാണ് എക്‌സ്‌പോസാറ്റ്. എക്‌സ് റേ തരംഗങ്ങളുടെ പഠനത്തിലൂടെ പ്രപഞ്ചത്തിലെ വ്യത്യസ്ത ഊർജസ്രോതസുകൾ പഠനവിധേയമാക്കുകയാണ് ലക്ഷ്യം. പാളിക്‌സ് എക്‌സ്‌പെക്റ്റ് എന്നീ രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്.അഞ്ച് വർഷമാണ് എക്‌സ്‌പോസാറ്റ് പഠനങ്ങൾ നടത്തുക. 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് എക്‌സ്‌പോസാറ്റിനെ എത്തിക്കുക. ഐ.എസ്.ആർ.ഒയുടെ എറ്റവും വിശ്വസ്തനായ വിക്ഷേപണ വാഹനമായ പി.എസ്.എൽ.വിയുടെ 60-ാം വിക്ഷേപണ കൂടിയാണിത്. 

TAGS :