ഓടക്കുഴല്‍ അവാര്‍ഡ് പി.എന്‍. ഗോപീകൃഷ്ണന്

January 11, 2024 Thursday 07:12 pm

Cochin

ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023-ലെ 'ഓടക്കുഴല്‍ അവാര്‍ഡ്' പ്രസിദ്ധകവി പി.എന്‍. ഗോപീകൃഷ്ണന്റെ "കവിത മാംസഭോജിയാണ്" എന്ന കവിതാ സമാഹാരത്തിന്. മഹാകവിയുടെ ചരമവാര്‍ഷികദിനമായ 2024 ഫെബ്രുവരി 2-നു് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അദ്ധ്യക്ഷയായ പ്രൊഫ. എം. ലീലാവതി അവാര്‍ഡ് സമ്മാനിക്കും. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ. ഇ.വി. രാമകൃഷ്ണന്‍ മുഖ്യാതിഥിയായി പ്രഭാഷണം നടത്തും. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.

"ജീവിക്കുന്ന ദേശത്തില്‍ അനുഭവങ്ങളുടെ തീക്ഷ്ണതയെ ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ഒപ്പിയെടുക്കുന്ന മാന്ത്രികമായ ആലേഖനങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകള്‍. അവ വാഗ്‌ലീലകളോ സമയത്തിന്റെ കേവലാങ്കനങ്ങളോ അല്ല. നമ്മുടെ കാലത്തിന്റെ സത്തയെ മൂടുന്ന പ്രച്ഛന്നവേഷങ്ങളുടെ അടരുകള്‍ ചീന്തിയെറിയുന്ന, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടേയും ദര്‍ശനങ്ങളുടേയും ആഴമേറിയ ദര്‍പ്പണങ്ങളാണ്", കൃതിയെക്കുറിച്ച് അവാര്‍ഡ് നിര്‍ണ്ണയസമിതി വിലയിരുത്തി.

ഇന്ത്യയിലെ പ്രഥമ ജ്ഞാനപീഠ സാഹിത്യപുരസ്കാരജേതാവായ മഹാകവി ജി. ശങ്കരക്കുറുപ്പ് സമ്മാനത്തുകയുടെ നാലിലൊന്ന് നിക്ഷേപിച്ച് സ്ഥാപിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. ഓരോ വര്‍ഷവും മലയാളത്തിലെ മികച്ച സാഹിത്യ കൃതിയ്ക്ക് 1968 മുതല്‍ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്കാരമാണ് ഓടക്കുഴല്‍ അവാര്‍ഡ്.