സൈനിക സ്കൂളുകളുടെ രാഷ്ട്രീയവത്കരണത്തിൽ ആശങ്ക അറിയിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു. രാഷ്ട്രീയ ബന്ധമുള്ള സംഘടനകൾക്കും വ്യക്തികൾക്കും സൈനിക സ്കൂളുകളുടെ നടത്തിപ്പ് ചുമതല നൽകുന്നത് ആ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയെയും സ്വയംഭരണാധികാരത്തെയും ബാധിക്കും. സൈനിക സ്കൂളുകൾ ഭാവിയിലെ പ്രതിരോധ ഉദ്യോഗസ്ഥരെ വാർത്തെടുക്കുന്ന പ്രധാന നിഷ്പക്ഷ സ്ഥാപനങ്ങളാണ്. അതിനാൽ ഒരു തലത്തിലും ഈ സ്ഥാപനങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്. ദേശീയ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിദ്യാഭ്യാസത്തിൽ നീതി ഉറപ്പാക്കുന്നതിനും ഈ സ്ഥാപനങ്ങളുടെ പ്രശസ്തി നിലനിർത്താനും കേന്ദ്ര പ്രതിരോധ മന്ത്രി ഇടപെടണമെന്ന് മന്ത്രി വി.ശിവൻകുട്ടി കത്തിൽ ആവശ്യപ്പെട്ടു. പ്രതിരോധ സേനകളിലേക്ക് കേഡറ്റുമാരെ സംഭാവന നൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സൈനിക സ്‌കൂളുകളെ രാഷ്ട്രീയവൽക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പുതുതായി അനുവദിച്ച സൈനിക സ്‌കൂളുകളില്‍ 62 ശതമാനം ലഭിച്ചത് ആര്‍എസ്എസ്- അനുബന്ധ സംഘടനകൾക്കും ബിജെപി-സഖ്യകക്ഷി നേതാക്കൾക്കുമാണെന്നാണ് പുറത്ത് വരുന്ന വിവരം. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‍ പുറത്തുവിട്ടത്.