കോശങ്ങളിൽ നിന്നും മത്സ്യമാംസം വികസിപ്പിക്കാൻ സിഎംഎഫ്ആർഐ

January 29, 2024 Monday 06:24 pm

Cochin

സെൽകൾച്ചറിലൂടെ ലബോറട്ടറിയിൽ മത്സ്യമാംസം വളർത്തിയെടുക്കുന്നതിനുള്ള ഗവേഷണത്തിനൊരുങ്ങി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ഉയർന്ന വിപണി മൂല്യമുള്ള കടൽമത്സ്യങ്ങളായ നെയ്മീൻ, ആവോലി തുടങ്ങിയ മീനുകളിലാണ് ആദ്യഘട്ടത്തിൽ ഗവേഷണം നടത്തുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ഗവേഷണം നടക്കുന്നത്. മീനുകളിൽ നിന്നും പ്രത്യേക കോശങ്ങൾ വേർ‍തിരിച്ചെടുത്ത് ലബോറട്ടറി അന്തരീക്ഷത്തിൽ  വളർത്തിയെടുക്കുന്നതാണ് കോശ അധിഷ്ടിത വളർത്തു മത്സ്യമാംസം.  മീനുകളുടെ തനത് രുചിയും പോഷകഗുണങ്ങളും ഇങ്ങനെ വളർത്തിയെടുക്കുന്ന മാംസത്തിനുമുണ്ടാകും.  സമുദ്ര ഭക്ഷ്യ വിഭവങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റാനും കടൽമത്സ്യസമ്പത്തിന്റെ അമിതചൂഷണം ഒഴിവാക്കാനും ഈ പദ്ധതി സഹായിക്കും. ഈ മേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തരീതിയിലുള്ള ഗവേഷണ സഹകരണത്തിനായി ഡൽഹി ആസ്ഥാനമായുള്ള നീറ്റ് മീറ്റ് ബയോടെക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയമുമായി സിഎംഎഫ്ആർഐ ധാരണയായിരിക്കുന്നത്.  കടൽ മീനുകളുടെ കോശവികസന ഗവേഷണത്തിന് സിഎംഎഫ്ആർഐ നേതൃത്വം നൽകും. സെല്ലുലാർബയോളജി ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്ന സിഎംഎഫ്ആർഐയിലെ സെൽകൾച്ചർ ലബോറട്ടറിയിലാണ് പരീക്ഷണം നടത്തുക. കൂടാതെ, ജനിതക ജൈവരാസ വിശകലന പഠനങ്ങളും സിഎംഎഫ്ആർഐ നടത്തും. കോശവളർച്ച അനുകൂലമാക്കുന്നതടക്കമുള്ള മറ്റ് പ്രവർത്തനങ്ങളും ബയോറിയാക്ടറുകളിലൂടെ ഉൽപാദനം കൂട്ടുന്നതിനും നീറ്റ് മീറ്റ് ബയോടെക് നേതൃത്വം നൽകും. മറ്റ് ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യയെ ഈ രംഗത്ത് മുൻനിരയിലെത്തിക്കുന്നതിനുള്ള ഗവേഷണ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. കോശ അധിഷ്ടിത മത്സ്യമാംസ മേഖലയിൽ സിംഗപ്പൂർ, ഇസ്രയേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ ഗവേഷണ പുരോഗതിക്കൊപ്പമെത്താൻ ഈ പൊതു-സ്വകാര്യ ഗവേഷണ പങ്കാളിത്തം ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നത്. ഭക്ഷ്യ-പോഷക സുരക്ഷ കൈവരിക്കാൻ മാത്രമല്ല സമുദ്രപരിസ്ഥിതി മെച്ചപ്പെട്ട രീതിയിൽ സംരക്ഷിക്കുന്നതിനും ഈ പദ്ധതി ഗുണം ചെയ്യും. ആവശ്യകതക്കനുസരിച്ച് സുസ്ഥിരവും സുരക്ഷിതവുമായ സീഫുഡ് ഉൽപാദനത്തിന് പുതിയ നീക്കം വഴിയൊരുക്കമെന്നും അദ്ദേഹം പറഞ്ഞു.  

TAGS :