സിദ്ധാർത്ഥിന്റെ മരണം; അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

February 29, 2024 Thursday 09:57 pm

Wayanad

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. സംസ്ഥാന പൊലീസ് മേധാവിക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രധാന പ്രതികളിൽ ഒരാളായ അഖിലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

അക്രമത്തിന് നേതൃത്വം നൽകിയ 12 പേരിൽ ഒരാളാണ് പിടിയിലായത്. ഇനി 11 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. രണ്ടാം വർഷ ബിവിഎസ്പി വിദ്യാർത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥ് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണ് മരിച്ചത്. ഈ മാസം 14 മുതൽ 18 ഉച്ച വരെ സിദ്ധാർത്ഥൻ ക്രൂര മർദനത്തിന് ഇരയായെന്നാണ് ദൃക്‌സാക്ഷിയായ വിദ്യാർത്ഥി പറഞ്ഞത്. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

 

കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. എന്നാൽ, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, യൂണിയൻ പ്രസിഡന്റ് അരുൺ എന്നിവരെല്ലാം ഇപ്പോഴും ഒളിവിലാണ്. ആത്മഹത്യാ പ്രേരണ, മർദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.