ഭീമ കൊറേ​ഗാവ് കേസ്; ഷോമ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

April 05, 2024 Friday 07:27 pm

Central Delhi

ഭീമാ കൊറേഗാവ്‌ കേസുമായി ബന്ധപ്പെട്ട്‌ യുഎപിഎ ചുമത്തപ്പെട്ട്‌ ജയിലിൽ കഴിയുന്ന നാഗ്‌പുർ സർവ്വകലാശാല പ്രൊഫസർ ഷോമാസെന്നിന് ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി. 2018 ജൂണിൽ അറസ്‌റ്റിലായ ഷോമാസെൻ അന്ന്‌ മുതൽ തടവിലാണ്‌. പ്രായം കാരണമുള്ള ബുദ്ധിമുട്ടുകളും വിവിധ രോഗങ്ങൾ കാരണമുള്ള അവശതകളും അനുഭവിക്കുന്ന ഷോമാസെന്നിന്‌ വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാതിരിക്കാൻ കഴിയില്ലെന്ന്  കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട്‌ ജാമ്യം ലഭിക്കുന്ന ആറാമത്തെ പ്രതിയാണ്‌ ഷോമാസെൻ. നേരത്തെ സുധാ ഭരദ്വാജ്‌, ആനന്ദ്‌തെൽതുംബ്‌ഡെ, വെർണോൺ ഗോൺസാൽവസ്‌, അരുൺ ഫെറെയ്‌റ, വരവരറാവു തുടങ്ങിയവർക്ക്‌ ജാമ്യം അനുവദിച്ചിരുന്നു. മറ്റൊരു പ്രതിയായ ഗൗതം നവലാഖയെ സുപ്രീംകോടതി ഇടപെട്ട്‌ വീട്ടുതടങ്കലിലുമാക്കിയിട്ടുണ്ട്‌. കേസിലെ മറ്റൊരുപ്രതിയായ ഫാ. സ്‌റ്റാൻസ്വാമി 2021 ജൂലൈയിൽ ജയിലിൽ അന്തരിച്ചിരുന്നു.