വെള്ളിയാഴ്ച അഞ്ച് മന്ത്രാലയങ്ങളുടെ യോഗം, അടുത്ത സര്‍ക്കാരിന്‍റ 100 ദിന കര്‍മ്മ പദ്ധതികളില്‍ ചര്‍ച്ച

April 10, 2024 Wednesday 04:46 pm

Central Delhi

അടുത്ത സര്‍ക്കാരിന്‍റെ നൂറ് ദിന കര്‍മ്മ പദ്ധതികളെക്കുറിച്ചാലോചിക്കാന്‍ മന്ത്രാലയങ്ങളുടെ യോഗം വെള്ളിയാഴ്ച. ക്യാബിനറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ സാമ്പത്തിക പരിഷ്കാരങ്ങളും നികുതി ഘടനയിലെ മാറ്റങ്ങളിലും ചര്‍ച്ച നടക്കും. നാനൂറ് സീറ്റുകളിലധികം നേടി സര്‍ക്കാര്‍ തുടരുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നതിനിടെയാണ് മന്ത്രാലയങ്ങളുടെ യോഗം വെള്ളിയാഴ്ച ചേരുന്നത്.  രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനം നടപ്പാക്കാനാണ് തിരക്കിട്ട് നീക്കങ്ങള്‍. വെള്ളിയാഴ്ച അഞ്ച് മന്ത്രാലയങ്ങളുടെ യോഗം വിളിച്ച് 100 ദിന കര്‍മ്മ പദ്ധതികളില്‍ ചര്‍ച്ച തുടങ്ങുകയാണ്. ക്യാബിനെറ്റ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ധനം, വാണിജ്യം, കമ്പനികാര്യമടക്കം അഞ്ച് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പ്രത്യക്ഷ, പരോക്ഷ നികുതികളിലെ പരിഷ്ക്കാരം, ജിഎസ്ടി ഏകീകരണം തുടങ്ങിയ അജണ്ടകളില്‍ ചര്‍ച്ച നടക്കും. കൊവിഡ് കാലത്ത് നടപ്പാക്കാതെ മാറ്റി വച്ച പരിഷ്ക്കരണ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിലും ആലോചന നടക്കും.കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മന്ത്രാലയ സെക്രട്ടറിമാര്‍ യോഗത്തില്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. തുടര്‍ന്ന് നൂറ് ദിന കര്‍മ്മ പരിപാടികളില്‍ ചര്‍ച്ച നടക്കും. മന്ത്രാലയങ്ങളുടെ എണ്ണം കുറയ്ക്കുക, ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കൊണ്ടുവരിക, പെൻഷനുകളുടെ തുക കൂട്ടുകയും കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കാനാണ് ആലോചന. ജുഡീഷ്യറിയെ കാര്യക്ഷമമാക്കാന്‍ കോടതികളിലെ ഒഴിവുകള്‍ നികത്താനും, കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനും നീക്കമുണ്ട്.ഇതോടൊപ്പം വിദേശ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായി നയതന്ത്രകാര്യാലയങ്ങളുടെ എണ്ണം കൂട്ടാനുള്ള പദ്ധതിയും ചര്‍ച്ചകളിലുണ്ട്. മോദിയും മറ്റ് നേതാക്കളും സര്‍ക്കാര്‍ ആവര്‍ത്തിക്കുമെന്ന് പ്രചാരണറാലികളില്‍ ആവര്‍ത്തിക്കുമ്പോഴാണ് ഉദ്യോഗസ്ഥ തലത്തിലും നീക്കങ്ങൾ സജീവമാകുന്നത്.